18.റോമില്‍ നിന്ന് വെനീസിലേക്ക്

 


അങ്ങനെ  ഞങ്ങളുടെ  പുരാതന  റോമാ  സാമ്രാജ്യ സന്ദര്‍ശനം  കഴിഞ്ഞു.  മൂന്നു  ദിവസം കൊണ്ട്   മൂന്നു  മാസം കൊണ്ടു പോലും  കണ്ടു തീര്‍ക്കാന്‍   കഴിയാത്തത്ര  കണ്ടു തീര്‍ത്തു. റോമന്‍  ഫോറത്തില്‍ തുടങ്ങി   വത്തിക്കാന്‍  മ്യൂസിയവും  സിസ്റ്റൈന്‍  ചാപ്പലും സെന്‍റ് പീറ്റെര്‍സ് ബസിലിക്കായും പാന്തിയോണും  സാന്‍റാ മറിയ ബസിലിക്കയും ട്രെവി ജലധാരയും സ്പാനിഷ് പടവുകളും  എല്ലാം  കണ്ടു. ഓടി  നടന്നു  കയ്യും കാലും   കഴച്ചു  എങ്കിലും   മനസ്സിനു  കുളിര്‍മ്മ ഏറിയ   ദിവസങ്ങള്‍ .ഏതായാലും  എല്ലാ  നല്ല കാര്യങ്ങള്‍ക്കും  ഒരവസാനം  വേണമല്ലോ, ഞങ്ങളുടെ  യാത്രയുടെ   രണ്ടാം   ഘട്ടത്തിലേക്ക്  നീങ്ങി.  അടുത്തത്   വെനീസ്  ആയിരുന്നു. ആഡ്രിയാറ്റിക് കടലിലെ സൌന്ദര്യ റാണിയായ  വെനീസ്. ആലപ്പുഴയും   അറബിക്കടലിലെ  വെനീസ് ആയി  അറിയപ്പെട്ടിരുന്നു  എന്നത്  മറക്കുന്നില്ല.  


റോമില്‍  നിന്ന് വെനീസിലേക്ക്  ഫ്ലോറന്‍സ്  വഴിയാണ്  യാത്ര, 394  കിലൊ മീറ്റര്‍  ദൂരം ഏതാണ്ട്  നാലു മണിക്കൂര്‍  കൊണ്ട്  താണ്ടുന്ന  ഉയര്‍ന്ന  വേഗ  ട്രെയിനും 6  മണിക്കൂര്‍ കൊണ്ട് എത്തുന്ന  കുറഞ്ഞ  വേഗ ട്രെയിനും  ഉണ്ടായിരുന്നു. മണിക്കൂറില്‍ 160  കി മീ വരെ  വേഗതയില്‍  പോകുന്ന  ഉയര്‍ന്ന വേഗ ട്രെയിനില്‍  ആയിരുന്നു ഞങ്ങളുടെ   യാത്ര. ഒരൊറ്റ  ദിവസം തന്നെ   49  ട്രെയിനുകള്‍   ഈ രണ്ട്  നഗരങ്ങള്‍ക്കിടയില്‍  ഓടുന്നു. രണ്ട്  തരത്തില്‍ ഉള്ളതും കൂടി . ഇത്രയും  വേഗത്തില്‍  യാത്ര  ചെയ്യുന്നതായി  ട്രെയിലില്‍  ഇരുന്നാല്‍ അറിയുകയേ ഇല്ല. കുലുക്കവുമില്ല  വളവും  തിരിവുമില്ലാത്ത റെയില്‍  പാളങ്ങള്‍.  നാട്ടിന്പുറത്തിന്‍റെ  ഭംഗി ആസ്വദിച്ചു   കൊണ്ട്   ഞങ്ങള്‍ യാത്ര  തുടര്‍ന്നു. ഭക്ഷണം  വേണ്ടവര്‍ ട്രെയിനില്‍ ഉള്ള  റെസ്റ്റോറന്‍റില്‍  പോയി  കഴിക്കണം .  കമ്പാര്‍ട്ടുമെന്‍റില്‍  ഭക്ഷണം വില്‍ക്കാന്‍ ആരും വരുകയില്ല.  മറ്റു ഹോട്ടലുകളിലെയും റെസ്റ്റോറന്‍റുകളിലെയും പോലെ ചിലവില്ലാതെ  വൈഫൈ  ട്രെയിനിലും  ഉപയോഗിക്കാം. വളരെ   സുഖകരമായ  യാത്ര , മൂന്നു മണിക്കൂര്‍ 55 മിനുട്ടു കൊണ്ട്   ട്രെയിന്‍   റോമില്‍  നിന്ന്   വെനീസിലെത്തി. വെനീസിലേക്ക് എത്തുമ്പോള്‍   നീണ്ട   ഒരു പാലത്തില്‍   കൂടിയാണ് വെനീസ്   സ്റ്റേഷനിലേക്ക് എത്തുന്നന്ത് .  110  ഓളം  ദ്വീപുകള്‍   ചേര്‍ന്നതാണല്ലൊ വെനീസ്. കനാലുകളും  പാലങ്ങളും  വിവിധ വലിപ്പത്തില്‍  ഉള്ള  ബോട്ടുകളുമാണ്  വാഹനങ്ങള്‍.  കാറും മറ്റും  കാണാനേ  ഇല്ല.  ഞങ്ങളുടെ  ഹോട്ടലിലേക്ക് പോകാന്‍ കഷ്ടിച്ച്   ഒരു കിലൊമീറ്റര്‍  ദൂരം ഉണ്ടായിരുന്നു. ഇടക്ക്   ഒരു  പാലം കടന്നു പൊകണം. ലഗേജ് എടുക്കാന്‍  മാത്രം  ചിലര്‍, കറുമ്പന്മാര്‍, അവിടെ  ഉണ്ടായിരുന്നു, പാലം   കടത്തി  തരും. ഏതായാലും ഞങ്ങള്‍ കൊച്ചു മകന്‍ ഉള്‍പ്പെടെ  നാലു പുരുഷ  സിംഹങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ട്  തനിയെ  ട്റോളികള്‍   വലിച്ചു ഹോട്ടലില്‍ എത്തി. പതിവു പോലെ ഏജെന്സിയുടെ  ആള്‍ വന്നു   മുറി ഏല്‍പ്പിച്ചു.  4  പേര്‍ക്കും  മൂന്നു പേര്‍ക്കും കിടക്കാന്‍ രണ്ടാം നിലയിലും  മൂന്നാം നിലയിലും ഉള്ള  മുറികള്‍. വൈഫൈ   പ്രവര്‍ത്തിക്കുന്നുണ്ട്. കാപ്പിയും ചായയും  ഉണ്ടാക്കാന്‍  സാധനങ്ങളും  വാങ്ങി വെച്ചിട്ടുണ്ട്. വൃത്തിയുള്ള  മുറി , അല്‍പ്പം  വിശ്രമിച്ചു   പുറത്തിറങ്ങി .























Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

25. മിലാന്‍ കത്തീഡ്രല്‍

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി