24.വെനീസില്‍ നിന്ന് മിലാനിലേക്ക്

 



അങ്ങനെ   ഞങ്ങളുടെ  റോം  കഴിഞ്ഞ് വെനീസിലേയും കാഴ്ചകള്‍ അവസാനിപ്പിക്കാന്‍ സമയമായി. ഞങ്ങളുടെ അടുത്ത  സന്ദര്‍ശന  സ്ഥലം   ഉത്തര  ഇറ്റലിയിലെ മിലാന്‍   എന്ന നഗരം  ആയിരുന്നു. മിലാന്‍  നഗരത്തിലെ  പ്രധാനപ്പെട്ട  ഒരു  പള്ളിയും  കുറച്ചു  ദൂരെയുള്ള ഒരു   തടാകവും ആയിരുന്നു  ലക്ഷ്യം. 

റോമില്‍   നിന്ന് വെനീസിലേക്ക്  വന്നത്  പോലെ  റെയില്‍   മാര്‍ഗം തന്നെ  ആയിരുന്നു സ്വീകാര്യം .  വെനീസില്‍  നിന്ന്   മിലാനിലേക്കുള്ള ദൂരം  173  മൈല്‍  ആണ്. 2 മണിക്കൂര്‍ 30  മിനുട്ടു  കൊണ്ട് അവിടെ എത്തുന്ന ട്റെയിനുകള്‍ ഉണ്ട്. സാധാരണ   ആഴ്ചദിവസങ്ങളില്‍  42 ട്രെയിനുകള്‍  ഈ റൂട്ടില്‍ ഓടുന്നുണ്ടത്രെ. രാവിലെ  തന്നെ പ്രാതലും  മറ്റും കഴിച്ച്  ഫ്ലാറ്റിന്‍റെ  താക്കോലും ഏല്‍പ്പിച്ച്   ഞങ്ങള്‍   റെയില്വേ സ്റ്റേഷനിലേക്ക്  ലഗ്ഗെജുമായി  പുറപ്പെട്ടു. രാവിലെ  ആയതു കൊണ്ടൊ   മറ്റോ ആണെന്ന് തോന്നുന്നു  സ്റ്റേഷനില്‍  സാമാന്യം നല്ല തിരക്കുണ്ടായിരുന്നു,  എങ്കിലും  വലിയ  ബുദ്ധിമുട്ടു കൂടാതെ ഞങ്ങളുടെ ട്രെയിന്‍   കണ്ടു പിടിച്ച്   ഞങ്ങളുടെ  സീറ്റില്‍ എത്തി  പതിവുപോലെ വണ്ടിയില്‍  വൈഫി  ഉള്ളതു  കൊണ്ട്  എല്ലാവരും   ബിസി  ആയി.

യാത്രയില്‍   പ്രത്യേകിച്ചൊന്നും  സംഭവിച്ചില്ല. റോമില്‍   നിന്ന് വെനീസിലേക്ക്  വന്നപ്പൊഴത്തെ പോലെ തന്നെ  നാട്ടിന്‍പുറം വലിയ വ്യത്യാസം   കണ്ടില്ല. എന്നാലും  മിലാനിലേക്ക്  അടുക്കുമ്പോള്‍   ചെറിയ കുന്നുകള്‍  പ്രത്യക്ഷപ്പെട്ടു  തുടങ്ങി. മിലാനില്‍  പ്ലാറ്റ്ഫോമില്‍ ഇറങ്ങിയപ്പോള്‍ ചെറിയ  ഒരു ചാറ്റല്‍ മഴ തുടങ്ങി. ഏതാനും   മിനിട്ടുകള്‍   മാത്രമേ  അത്  നീണ്ടു നിന്നുള്ളു  എങ്കിലും   പ്ലാറ്റ്ഫോമില്‍   വീണ   വെള്ളം യാത്രക്കാര്‍ക്ക്  ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍  അപ്പോള്‍  തന്നേ  വെള്ളം  ഒപ്പിയെടുക്കാനുള്ള    യന്ത്രവുമായി ഒരാള്‍  എത്തിക്കഴിഞ്ഞു.  ഏതാനും  മിനുട്ടുകള്‍  കൊണ്ട്   വെള്ളം മുഴുവന്‍   തുടച്ചു   വൃത്തിയാക്കിക്കഴിഞ്ഞു. നമ്മുടെ  നാട്ടില്‍   ഇത്തരം  സൌകര്യങ്ങള്‍ റെയില്വേ സ്റ്റേഷനുകളില്‍ ഉണ്ടാക്കാന്‍  പോകുന്നു  എന്നു കേട്ടു. ഏതാനും  വര്‍ഷങ്ങള്‍ക്ക് മുമ്പ്   കോഴിക്കോട് സ്റ്റേഷനില്‍  നടക്കാന്‍  ബുദ്ധിമുട്ടുള്ള  യാത്രക്കാര്‍ക്കു വേണ്ടി  ബാറ്ററിയില്‍ ഓടുന്ന ഒരു ബഗ്ഗി ( തുറന്ന  വൈദ്യുതവണ്ടി)  ഉണ്ടെന്നു  കേട്ടു. നടക്കാന്‍  ബുദ്ധിമുട്ട് ചെറുതായുണ്ടായിരുന്ന  ശ്രീമതിയുമായി   ഒന്നോ രണ്ടോ പ്രാവശ്യം അത്  ഉപയോഗിക്കാന്‍  ആവശ്യപ്പെട്ടു എങ്കിലും ഒരിക്കല്‍  പോലും അതുപയോഗിക്കാന്‍  കഴിഞ്ഞില്ല.  വാഹനം  ചാര്‍ജു  ചെയ്യാന്‍  ഇട്ടിരിക്കുന്നു എന്നായിരുന്നു   പതിവു   ഉത്തരം. ഭാരതത്തിലെ 400  റെയില്വേ സ്റ്റേഷനുകളില്‍   ലോകനിലവാരത്തില്‍ ഉള്ള  ആധുനിക  സൌകര്യങ്ങള്‍  ഉണ്ടാക്കാനുള്ള  പദ്ധതി  അടുത്ത് നമ്മുടെ പ്രധാനമന്ത്രി  ഉദ്ഘാടനം  ചെയ്തുകഴിഞ്ഞു. അടുത്തകാലത്ത്   ഇന്ത്യന്‍ റെയില്വേയിലെ സൌകര്യങ്ങള്‍ വളരെ യധികം മെച്ചപ്പെട്ടു കഴിഞ്ഞു. ഇനിയും   അതു  കൂടുതല്‍  നന്നാവുമെന്ന്   കരുതാം.

മിലാന്‍  റെയില്വേ സ്റ്റേഷന്‍   ഭംഗിയുള്ള  ഒരു കെട്ടിടം  ആണ്. ഗ്രീക്ക് റോമന്‍  ഗോഥിക്  എന്നൊക്കെ  പറയുന്ന  ശില്‍പ്പ രീതിയില്‍  നിര്‍മ്മിച്ചത്. ഉള്ളില്‍  ആധുനിക  സൌകര്യം  എല്ലാം  ഉണ്ടാക്കിയിട്ടുങ്കിലും  പുറത്തു  നിന്നു  നോക്കിയാല്‍   ഒരു പഴയ  കൊട്ടാരത്തിന്‍റെ  പ്രൌഢി നിലനിര്‍ത്തുന്നുണ്ട്.  നമ്മുടെ  അപൂര്‍വം   ചില  റെയില്വേ സ്റ്റേഷനുകള്‍   നമ്മുടെ  നാട്ടിലെ  പഴയ കെട്ടിടങ്ങള്‍   പോലെ  ഉണ്ടാക്കിയതായി   കണ്ടിട്ടുണ്ട്. മദിരാശി  സെന്‍ട്രല്‍  റെയില്വേ സ്ടെഷന്‍റെ രൂപം കുറെയെങ്കിലും   നമ്മുടെ  ദക്ഷിണേന്ത്യന്‍   രീതിയില്‍  ആയിരുന്നു.














Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

25. മിലാന്‍ കത്തീഡ്രല്‍

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി