25. മിലാന്‍ കത്തീഡ്രല്‍

 


ഇറ്റലിയിലെ ഏറ്റവും  വലിയ  പള്ളി, ലോകത്തിലെ  തന്നെ  നാലാമത്തെയൊ  അഞ്ചാമത്തെയൊ സ്ഥാനത്തു  നില്‍ക്കുന്ന  പള്ളിയാണ്  മിലാന്‍ കത്തീഡ്റല്‍ . മിലാന്‍ നഗരത്തിന്‍റെ  കേന്ദ്രത്തില്‍  തന്നെ  പ്രധാനപ്പെട്ട  റോഡുകള്‍ കൂടുന്ന സന്ധിയില്‍ നിലനില്‍ക്കുന്ന  ഈ ആരാധനാലയം 1386 ല്‍   പണി തുടങ്ങിയതാണ്. അന്നത്തെ  ആര്‍ച് ബിഷപ്പ് അന്‍റോണിയോ ഡ സലുസ്സോ ആണ്  ഇതിനു   തുടക്കം ഇട്ടത്. എന്നാല്‍  പല ഘട്ടത്തിലും   നിര്‍മ്മാണം തടസ്സപ്പെട്ട് ഏതാണ്ട്  1965 ല്‍ ആണ്  അതിന്‍റെ  പണി തീര്‍ന്നു എന്ന  പ്രഖ്യാപനം ഉണ്ടായത്. ഫ്രെഞ്ച്  ഗോഥിക്   ശില്‍പ്പകലയാണ്   ഇവിടെ  മുമ്പില്‍ നില്‍ക്കുന്നത്. 600  വര്‍ഷം   കൊണ്ട് പണി തീര്‍ത്ത  ഈ പള്ളിക്ക്  വലിപ്പം കൊണ്ട്  മാത്രമല്ല  മറ്റു പല പ്രത്യേകതകളും  ഉണ്ട്.

മിലാന്‍  റെയില്‍വേ  സ്റ്റേഷനില്‍  നിന്നും  4 കി മീ  മാത്രം  ദൂരമേ ഈ  പള്ളിയിലേക്കുള്ളു,  ഞങ്ങള്‍ക്ക്   മിലാന്‍   നഗരത്തില്‍  താമസിക്കാന്‍  പരിപാടി   ഇല്ലാതിരുന്നതു കൊണ്ട്   കയ്യിലുള്ള  ലഗേജ്  വെക്കാന്‍  ഒരിടം  അന്വേഷിച്ചു   കണ്ടു  പിടിച്ചു,  ഒരു ഇടത്തരം  റെസ്റ്റോറന്‍റില്‍ മോശമല്ലാത്ത തുക  കൊടുത്ത്  സാധനങ്ങള്‍  അവിടെ  നിക്ഷേപിച്ചു. അവര്‍ രസീതും തന്നു. മിലാന്‍ കത്തീഡ്രലിലേക്ക് കഷ്ടിച്ച് 15 മിനുട്ടുകൊണ്ട്  നടന്നെത്താം എന്നു അറിഞ്ഞു  കുട്ടികള്‍ എല്ലാം   നടക്കാന്‍ തയാറായി. പ്രായമായ അച്ഛനെ  നടത്തേണ്ട എന്നു കരുതി   മകന്‍  എന്നെ ഒരു ടാക്സിയില്‍   പള്ളിയിലേക്ക്  എത്തിച്ചു.

  കത്തീഡ്റലിനെക്കുറിച്ച്   സംക്ഷിപ്ത വിവരങ്ങള്‍

 രാജ്യം    : ഇറ്റലി                          ക്രിസ്ത്യന്‍  ഉപവിഭാഗം  :  റോമന്‍  കത്തോലിക്ക

ആര്‍ക്കിടെക്റ്റ്  : സൈമണ്‍  ഡി ഓര്‍സെനിഗൊ (ആരംഭം)

ശില്‍പ്പരീതി   : ഗോഥിക്    നവോത്ഥാനരീതി

നിര്‍മ്മാണ  തുടക്കം   : 1386                               പൂര്‍ത്തിയായത്        : 1965

ശേഷി (ആള്‍ക്കാര്‍)  : 40,000

നീളം :  158.6  മീറ്റര്‍               വീതി :  92  മീറ്റര്‍                 ഉയരം : 108  മീറ്റര്‍

ഗോപുരത്തിന്‍റെ  ഉയരം : 65.6  മീറ്റര്‍                   ശിഖരങ്ങളുടെ എണ്ണം : 135

ശിഖരത്തിന്‍റെ ഏറ്റവും കൂടിയ  ഉയരം  ; 108.5 മീറ്റര്‍

നിര്‍മ്മാണം   :  ഇഷ്ടിക  ,  മാര്‍ബിള്‍

 

ഇറ്റാലിയന്‍  റിപ്പബ്ളിക്കിലെ ഏറ്റവും  വലിയ  പള്ളിയാണിത്.  സെന്‍റ്  പീറ്റെര്‍സ്  ബസിലിക്ക  ഇതില്‍ കൂടുതല്‍  വലുതാണെങ്കിലും  അത്  സ്വന്തന്ത്രരാജ്യമായ  വത്തിക്കാനില്‍  ആണല്ലൊ. മിലാനിലെ  പ്രധാന  നിരത്തുകള്‍ എല്ലാം    പള്ളിനില്‍ക്കുന്ന ഇടത്തില്‍  നിന്ന്   തുടങ്ങുന്ന  രീതിയില്‍ ആണ്. ഇവിടത്തെ  ആദ്യത്തെ  ബസിലിക്ക സെന്‍റ്  തെക്കല  ഏ ഡി 355 ല്‍ ആണ് നിര്‍മ്മിച്ചത്. ഇതിനടുത്ത്  മറ്റൊരു   ബസിലിക്ക  836 ല്‍ നിര്‍മ്മിക്കുകയുണ്ടായി. ഈ  ബസിലിക്കയുടെ അഷ്ടഭുജ അള്‍ത്താര ഇപ്പോഴും ഇപ്പോഴുള്ള  കത്തീഡ്രലിന്‍റെ താഴെയായി  നിലനില്‍ക്കുന്നുണ്ട്. 1075  ല്‍ ഉണ്ടായ  തീപിടുത്തത്തില്‍ നാശനഷ്ടം  ഉണ്ടായപ്പൊഴാണ് പുതിയ  ബസിലിക്ക  ഉണ്ടാക്കാന്‍   തീരുമാനം എടുത്തത്.

 1386ല്‍ ആര്‍ച് ബിഷപ്പ്  അന്‍റോണിയോ സലുസ്സൊ  ഈ കത്തീഡ്റലിന്‍റെ   നിമ്മാണം   തുടങ്ങിയപ്പോള്‍ ആര്‍ച് ബിഷപ്പിന്‍റെ   മചുനന്‍ ജിയാന്‍ ഗലിയാസ്സോ വിസ്കോണ്ടി മിലാനില്‍  അധികാരത്തില്‍  വന്ന  സമയം തന്നെ ആയിരുന്നു.  അയാള്‍ക്ക്  മുമ്പു ഭരണത്തില്‍ ഇരുന്നയാള്‍ വളരെ  നീചനും ഏകാധിപതിയും ആയിരുന്നു.    പുതിയ ആള്‍ പാവപ്പെട്ടവരുടെ  പ്രതിനിധിയായി ഭരണമേറ്റു.  കത്തീഡ്രലിന്‍റെ  നിര്‍മ്മാണത്തിലും കാര്യമായ രാഷ്ട്റീയ  തീരുമാനങ്ങള്‍ നിര്‍ണായകമായി. അന്നു നിലനിന്നിരുന്ന  മൂന്നു  കെട്ടിടങ്ങള്‍  പൊളിച്ചിട്ടായിരുന്നു  പുതിയ  പള്ളിയുടെ  പണി തുടങ്ങിയത്. പഴയ   തകര്‍ന്ന  ഒരു പള്ളി പുതിയ  പള്ളിക്കാവശ്യമായ   ഇഷ്ടികയും മാര്‍ബിളും മറ്റും എടുക്കാനുള്ള  സ്ഥലമാകുകയും ചെയ്തു. പുതിയ  കെട്ടിടത്തിന്‍റെ  നിര്‍മ്മാണം   പ്രഖ്യാപിച്ചപ്പോള്‍ തന്നെ  ജനങ്ങള്‍ ആവേശഭരിതരായി. അതുകൊണ്ട്  ആര്‍ച് ബിഷപ്പിനും   ബന്ധുവായ ഭരണാധികാരിക്കും ധാരാളം സംഭാവന   പിരിക്കാനും കഴിഞ്ഞു .  തുടക്കത്തില്‍  ചീഫ് എഞ്ചിനീയറായിരുന്ന സൈമണ്‍ ഡ ഒര്‍സെനിഗോയുടെ  കീഴില്‍  300 ഓളം  നിര്‍മ്മാണ തൊഴിലാളികള്‍   ഉണ്ടായിരുന്നു.

 ഭരണാധികാരി  ആയിരുന്ന  വിസ്കോണ്ടിക്ക് യൂറോപ്പിലെ  പുതിയ  ശില്‍പ്പ രീതികള്‍ ഉപയോഗിക്കണം എന്നുണ്ടായിരുന്നു. അതിനു വേണ്ടി അദ്ദേഹം ഫ്രെഞ്ച്  എഞ്ചിനീയറായ നിക്കോളാസ് ഡി ബോണവെഞ്ചറിനെ ഏല്‍പ്പിച്ചു.  അവിടെ  ഉപയോഗിച്ച മാര്‍ബിളിനു നികുതി ഒഴിവാക്കികൊടൂത്തു. പത്തു  വര്‍ഷം   കഴിഞ്ഞ് പാരീസില്‍ നിന്ന് ജീന്‍ മിഗ്നോട്ട് എന്ന ശില്‍പ്പിയെ   പള്ളിയുടെ  പണി  വിലയിരുത്താന്‍  ക്ഷണിച്ചു, അദ്ദേഹം  അതുവരെ  ചെയ്ത  പണി എല്ലാം  അപകടം ഉണ്ടാക്കുന്ന  രീതിയില്‍  ആണെന്ന്   വിലയിരുത്തി. ഉയരത്തിലേക്ക് മാര്‍ബിള്‍ പൊക്കി എടുക്കാന്‍   വെറേ  ഉപകരണങ്ങള്‍  വേണമെന്നും നിര്‍ദ്ദേശിച്ചു. തുടറ്ന്ന്   അവിടെ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍   മെച്ചപ്പെടുത്തി   പണി  തുടര്‍ന്നു , എന്നാലും  എഞ്ചിനീയര്‍മാരും ഭരണാധികാരികളും  തമ്മില്‍ ഉണ്ടായ  തര്‍ക്കം മൂലം  പണി മന്ദഗതിയിലേ നീങ്ങിയുള്ളു. ഇതിനിടയില്‍   കത്തീഡ്രല്‍  വിസ്കോണ്ടി കുടുംബബത്തിന്‍റെ  സ്വന്തമാക്കാന്‍  ശ്റമം  നടന്നു എന്ന  പരാതിയും ഉണ്ടായി. ഇതൊക്കെ ആണെങ്കിലും 1402 ആയപ്പോള്‍ കത്തീഡ്റലിന്‍റെ പണി പകുതിയോളം തീര്‍ന്നു. 1480 വരെ  സാമ്പത്തിക  പ്രശ്നം കൊണ്ടും  മറ്റും പണീ വീണ്ടും നിര്‍ത്തി വെക്കേണ്ടി വന്നു.

1488 ല്‍  ലിയനാര്‍ഡോ   ഡാ വിഞ്ചിയും ഡോണാറ്റൊ ബ്രമാന്‍റേയും കേന്ദ്ര  കപ്പോള ല നിര്‍മ്മിക്കാന്‍ മാതൃകകള്‍ ഉണ്ടാക്കി  സമര്‍പ്പിച്ചു. ലിയൊനാര്‍ഡോ പിന്നീട്  തന്‍റെ   മാതൃക പിന്‍വലിച്ചു, 1400 മുതല്‍ 1510വരെ  ഉള്ള കാലഘട്ടത്തില്‍,ലുഡോവിക ഫോര്‍സ എന്ന ശില്‍പിയുടെ  അദ്ധ്യക്ഷതയില്‍  അഷ്ടഭുജ രൂപത്തില്‍ ഉള്ള കപ്പേള പൂര്‍ത്തിയാക്കി. പുണ്യവാളന്മാരുടെയും ബൈബിള്‍ കഥാപാത്രങ്ങളുടെയും മറ്റും15 പ്രതിമകളും   നിര്‍മ്മിച്ച്  സ്ഥാപിച്ചു.  പള്ളിയുടെ പുറം   ഭംഗിയാക്കല്‍   ഒന്നും അന്നു നടത്തിയിരുന്നില്ല.

തുടര്‍ന്ന്   സ്പെയിനിന്‍റെ  ഭരണത്തിന്‍ കീഴില്‍ അകത്തെ  പണി പലതും  ബാക്കി ഉണ്ടായിരുന്നു  എങ്കിലും   പള്ളി ഉപയോഗയോഗ്യമാക്കി.1552 ല്‍ ജിയക്കൊമോ ആന്‍റെഗ്നാറ്റി പള്ളിയുടെ ഉത്തര  ഭാഗത്ത് ഒരു വലിയ ഓര്‍ഗന്‍  ഉണ്ടാക്കാന്‍ തുടങ്ങി .ഗിസെപി മേഡ അള്‍ത്താര   അലങ്കരിക്കാനുള്ള 16 ല്‍ 4 റിലീഫുകള്‍ ഉണ്ടാക്കി. 1562 ല്‍ മാര്‍ക്കൊ ഡഗ്രറ്റേ സെന്‍റ്.ബര്‍തലോമിയോയുടെ  പ്രതിമയും 12ആം നൂറ്റാണ്ട് രീതിയില്‍ ഉള്ള പ്രത്യേക   ബഹുഭുജവിളക്കും സ്ഥാപിച്ചു.  

 ബൊറോമിയോ ആര്‍ച് ബിഷപ്പ് ആയപ്പോള്‍ പള്ളിയില്‍ സ്ഥാപിച്ചിരുന്ന  ശവകുടീ രങ്ങള്‍ എല്ലാം മാറ്റി. 1571ല്‍ അദ്ദേഹം പെലെഗ്രിനൊ പെലെഗ്രിനിയെ ചീഫ് എഞ്ചിനീയറായി   നിയമിക്കുകയും ചെയ്തു.  ബൊറോമിയോയും പെലെഗ്രിനിയും കത്തീഡ്രലിന്   നവോത്ഥാനരീതിയിലുള്ള രൂപം നല്‍കാനാണ്  ശ്രമിച്ചത്. ഇങ്ങനെ ചെയ്താല്‍ ഗോഥിക് രീതിക്കു പകരം റോമന്‍ ഇറ്റാലിയന്‍ രീതിയില്‍  ആക്കാന്‍  കഴിയുമെന്ന്  അവര്‍   കരുതി. പള്ളിയുടെ   മുഖപ്പ്   പണി കാര്യമായി   തുടങ്ങിയിട്ടില്ലാതിരുന്നതു കൊണ്ട്  പെലെഗ്രിനി ഇതിന്‍റെ   ഡിസൈന്‍    ക്ഷണിച്ച്   പലതും പരിശോധിച്ച് അവസാന രൂപം  ഉണ്ടാക്കാന്‍ ശ്റമിച്ചു, ഇതും പൂര്‍ത്തിയാക്കുകയുണ്ടായില്ല. 1575 - 1585  കാലഘട്ടത്തില്‍ അള്‍ത്താരയുടെയും  മറ്റും ബാക്കി ഭാഗങ്ങള്‍ നിര്‍മ്മിച്ച് പൂര്‍ത്തിയാക്കി.  പള്ളിയിലെ  പാട്ടുകാര്‍ക്കു  വേണ്ടി   മരത്തില്‍ നിര്‍മ്മിച്ച  കസേരകളും  മറ്റും  ഉണ്ടാക്കി. 1577   ല്‍  ബൊറോമിയൊ   പുതിയ  പള്ളി   വെഞ്ചരിച്ചു ഉപയോഗത്തിനു   തുറന്നു കൊടുത്തു. ഇവിടെയും  ചില  തര്‍ക്കങ്ങള്‍   ഉണ്ടാവുക തന്നെ  ചെയ്തു.    ഇങ്ങനെ  പലഘട്ടത്തില്‍   തര്‍ക്കത്തിലും  മറ്റും  കൂടി  പണി കായമായി  തീര്‍ന്നത്  നെപ്പോളിയന്‍റ്റെ കാലത്തായിരുന്നു.

 1805  മെയ്  29 ന്   നെപ്പോളിയന്‍ ബൊണപ്പാര്‍ട്ട്   ഇറ്റലിയുടെ  രാജാവായി അധികാരമേറ്റപ്പോള്‍   പള്ളിയുടെ  പണി  വേഗം തീര്‍ക്കാന്‍  ഉത്തരവിട്ടു,പെലിക്കാനിയെ ഇത് ഏല്‍പ്പിക്കുകയും ചെയ്തു.  ഇതിനു വേണ്ടി  വരുന്ന എല്ലാ ചിലവും  ഫ്രെഞ്ച് ഖജനാവില്‍ നിന്നു വഹിക്കുമെന്നും നെപ്പോളിയന്‍   പ്രഖ്യാപിച്ചു. ഈ  പണം   വന്നുവോ  എന്നുറപ്പില്ല  എങ്കിലും  ഏതായാലും  ആറേഴുകൊല്ലം കൊണ്ട്   പള്ളിയുടെ  പണി മിക്കവാറും പൂര്‍ത്തിയായി. നെപ്പോളിയനോടുള്ള  നന്ദി സൂചകമായി  അദ്ദേഹത്തിന്‍റെ  ഒരു പ്രതിമ ഒരു ശിഖരത്തിന്‍റെ  മുകളില്‍  സ്ഥാപിക്കുകയും  ചെയ്തു.

 തുടര്‍ന്നുള്ള  വര്‍ഷങ്ങളില്‍ ബാക്കിയുള്ള  ആര്‍ചുകളും ശിഖരങ്ങളും  എല്ലാം  ഉണ്ടാക്കി . 1829 - 1858 കാലഘട്ടത്തില്‍ ജനാലകളില്‍   നിറങ്ങള്‍ ചേര്‍ത്ത്ഭംഗിയാക്കി. ഏറ്റവും   അവസാന ഘട്ട  പണികള്‍ ഇരുപതാം നൂറ്റാണ്ടില്‍  ആയിരുന്നു. എല്ലാം തീര്‍ത്ത്  1965 ജനുവരി ആറിനു  പണി തീര്‍ന്നതായി  പ്രഖ്യാപനം ഉണ്ടായി. രണ്ടാം ലോക  മഹായുദ്ധത്തില്‍   മിലാനില്‍  ഉണ്ടായ  ബൊമ്പിങ്ങില്‍ പള്ളിക്ക് ചില തകരാറുകള്‍   ഉണ്ടായതു കൊണ്ട്  പിന്നെയും  ചില പണികള്‍ ചെയ്യെണ്ടി വന്നു.  2003  മുതല്‍ 2009  വരെ    കത്തീഡ്രലിന്‍റെ  പ്രധാന  മുഖപ്പു  പുനര്‍നിര്‍മ്മിക്കുകയുണ്ടായി. 2012  ല്‍  കത്തീഡ്റലിന്‍റെ  സംരക്ഷണത്തിനു   ധന ശേഖരണം  തുടങ്ങി . 14 ആം നൂറ്റാണ്ട്  മുതല്‍     നിര്‍മ്മിച്ചു തുടങ്ങിയ   പള്ളിയുടെ  അനുരക്ഷണത്തിനു  ഭീമമായ തുക  ആവശ്യമായി വന്നു. പള്ളിയുടെ   ശിഖരങ്ങള്‍   ദത്തെടുക്കാനും   സംവിധാനം ഉണ്ടാക്കി . ഒരു ലക്ഷം യൂറോ   സംഭാവന  കൊടുക്കുന്നവരുടെ  പേരെഴുതിയ  ഫലകം   ശിഖരങ്ങളില്‍  സ്ഥാപിക്കാമെന്നായിരുന്നു  വാഗ്ദാനം.  

ലംബം

https://en.wikipedia.org/wiki/Milan_Cathedral


























 

 

 

 

 

 

 

 

Comments

Popular posts from this blog

19.വെനീസ് എന്ന നഗരം

12. ആദാമിന്‍റെ സൃഷ്ടി :മൈക്കേല്‍ ആഞ്ചെലൊയുടെ മറ്റൊരു അതുല്യ സൃഷ്ടി