വീണ്ടും ഒരിക്കല്‍ കൂടി യൂറോപ്പില്‍ -ആരംഭം : കെയിംബ്രിഡ്ജ്
മാന്യ സുഹ്റുത്തുക്കളെ
പതിവു തെറ്റിക്കാതെ ഈ
യാത്രാവിവരണവും അല്‍പ്പം ആത്മകഥയോടെ
തന്നെ തുടങ്ങുന്നതു ക്ഷമിക്കുക. ഇത്തവണ
എന്‍റെ യാത്ര കൊച്ചിയില്‍
നിന്നു എന്‍റെ കൂട്ടുകാരിയുടെ, ആത്മസഖിയുടെ നിര്യാണത്തിനു
ശേഷം ആയിരുന്നു. യാത്രയില്‍
എന്നും കൂടെ ഉണ്ടായിരുന്ന, ആരോഗ്യപ്രശ്നങ്ങള്‍
ഉണ്ടായിരുന്നിട്ടു പോലും
എന്നെക്കാള്‍ അയാള്‍
ഞങ്ങളുടെ യാത്രകള്‍ ആസ്വദിച്ചിരുന്നു. എന്നിട്ടും ഈ യാത്രക്ക് പുറപ്പെടാന്‍ മറ്റൊരു പ്രധാന
കാരണം ഉണ്ടായിരുന്നു. സ്ഥലം കാണുന്നതിലുപരി ഞങ്ങളുടെ ആദ്യത്തെ പേരക്കുട്ടിയുടെ ആദ്യബിരുദദാന ചടങ്ങില്‍
പങ്കെടുത്ത് അമ്മുമ്മയില്ലെങ്കിലും
മൂന്നര വയസ്സുവരെ അവനെ വളര്‍ത്തിയ അമ്മുമ്മക്കു വേണ്ടിയും എന്‍റെ പേരിലും അവനെ
അനുമോദിക്കാനും അനുഗ്രഹിക്കാനും ആയിരുന്നു. ഞങ്ങളുടെ മകന്‍റെ
കുട്ടി കെയിംബ്രിഡ്ജ് സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബി.എ ബിരുദം
നേടുന്ന അവസരത്തില്‍ നേരിട്ട് ഹാജരാകുക
ആയിരുന്നു പ്രധാന ലക്ഷ്യം . അതുകൊണ്ട് കെയിംബ്രിഡ്ജ്
സര്‍വകലാശാലയെ കുറിച്ച്
ആവട്ടെ ആദ്യ ലക്കം .
1 കെയിംബ്രിഡ്ജ് സര്‍വകലാശാല
ഒരു
മത്സരത്തില്‍ പങ്കെടുക്കുന്ന ഒന്നാം
സ്ഥാനത്ത് എത്തുന്നവര്‍ക്ക് സ്വര്‍ണ
മെഡലും, രണ്ടാം
സ്ഥാനക്കാര്‍ക്കു വെള്ളി മെഡലും
മൂന്നാം സ്ഥാനക്കാര്‍ക്ക് ഓട്ടു
മെഡലും കൊടുക്കാറുണ്ട് . എന്നാല്‍ പണ്ട്
മെഡലിനു പകരം ഇത്തരം സ്പൂണ്‍
കൊടുത്തിരുന്ന കാലത്ത് മരത്തില്‍ ഉണ്ടാക്കിയ
ഒരു സ്പൂണ്‍ പങ്കെടുക്കുന്നവരില്‍ ചിലര്‍ക്ക്
കൊടുക്കുമായിരുന്നു. ഈ വഴക്കം തുടങ്ങിയത് 1231 ല്‍ തുടങ്ങിയ
കെയിംബ്രീഡ്ജില്‍ ആയിരുന്നുവത്രെ. പരീക്ഷയില്‍
ജയിച്ചാലും ഏറ്റവും അവസാനമായി നില്‍ക്കുന്ന
കുട്ടിക്കു കൊടുത്തിരുന്നതാണ് മരത്തില്‍ ഉണ്ടാക്കിയ സ്പൂണ്‍.
മറ്റൊരു കഥ
ഇവിടെ സര്‍ ഐസക് ന്യൂട്ടണ്‍ എന്ന
പ്രസിദ്ധ ശാസ്ത്രജ്ഞന്‍ മരം കൊണ്ട്
ഒരു പാലം ഉണ്ടാക്കിയത്രെ, ബോള്‍ട്ടുകളും നട്ടുകളും
ഇല്ലാതെ . ഐസക് ന്യൂട്ടന്‍ പാലം
എന്ന് ആദ്യകാലത്ത് അറിയപ്പെട്ട ഈ പാലം പിന്നീട്
പുതുക്കി പണിതപ്പോള്‍ ന്യൂട്ടന്‍ ഇതെങ്ങനെ സാധിച്ചു എന്നറിയാന്‍
കഴിയാതെ വന്നതുകൊണ്ട് സാധാരണ ബോള്‍ട്ടും നട്ടും ഉപയോഗിച്ചു
തന്നെ പാലം പുതുക്കിപണിതു. പക്ഷെ
ഇപ്പോള്‍ പാലം “ ഗണിതശാസ്ത്ര പാലം “ (Mathematical bridge) എന്നാക്കി പുനര്‍ നാമകരണം ചെയ്തു
എന്നു മാത്രം .
കെയിംബ്രിഡ്ജ് ചരിത്രം
ലോകത്തിലെ ഏറ്റവും പ്രശസ്തമായ
സര്‍വകകലാശാലകളില്‍ ഒന്നാണല്ലോ
കെയിംബ്രിഡ്ജ്. 1209 ല്‍ ആണ് ഈ
സര്‍വകലാശാലക്ക് തുടക്കം കുറിച്ചത്. എങ്കിലും ഔപചാരികമായ ഒരു സര്‍വകലാശാല
ആയത് 1231 ല്‍ ഹെന്‍റി രണ്ടാമന്‍ രാജാവ് ജനങ്ങള്‍ക്ക് സ്വയം പഠിക്കാനും നികുതി കുറക്കാനും ഉള്ള സ്വാതന്ത്ര്യം കൊടുക്കുന്നു എന്ന പ്രഖ്യാപനത്തോടെ ആയിരുന്നു. 1233 ല്‍ പോപ് ഒമ്പതാമന്‍ കെയിംബ്രിഡ്ജില്‍ നിന്നു
ബിരുദം നേടിയ ഒരാള്‍ക്ക് ക്രിസ്തുമതം പ്രചാരത്തില്‍ ഉള്ള
എവിടെയും അദ്ധ്യാപകന്‍ ആവാമെന്ന്
ഒരു കത്തും അയച്ചുവത്രെ. 1290 ല്‍ പോപ്
നിക്കൊളാസ് നാലാമന്‍ ഈ സ്ഥാപനത്തിന് ഒരു സര്‍വകലാശാല
(studium generale) എന്ന പേരു നല്‍കുകയും
ചെയ്തു. ഇതിനു ശേഷം യൂറോപ്പിലെ മറ്റു
രാജ്യങ്ങളില്‍ നിന്ന് ഗവേഷകരും
മറ്റു വിഹജ്ഞാന ദാഹികളും ഇവിടെക്ക്
ധാരാളം വരാന്‍ തുടങ്ങി.
സര്‍വകലാശാലയുടെ കീഴില്‍
ഉള്ള വിവിധ കോളേജുകള്‍
ആദ്യം കുട്ടികളുടെ ഹോസ്റ്റലുകള്‍ ആയാണ്
നിര്‍മ്മിച്ചതും നടത്തിയിരുന്നതും . എന്നാല്‍ കാല ക്രമേണ ഈ ഹോസ്റ്റലുകള്‍ സര്‍വകലാശാല
വാങ്ങി കോളെജുകള്‍ ആക്കി
മാറ്റുകയായിരുന്നു. 1284 ല്‍ ആണ്
ആദ്യത്തെ കൊളേജ് പീറ്റര്‍ഹൌസ് എന്നറിയപ്പെട്ട കോളേജ് തുടങ്ങിയത്. തുടര്‍ന്ന് കുറെയധികം
കോളെജുകള്‍ ഉണ്ടാക്കി, ഇപ്പോള്‍ 31
കോളെജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഏറ്റവും അടുത്തു പ്രവര്‍ത്തനം ആരംഭിച്ചത് 1970 ല്‍ തുടങ്ങിയ
റൊബിന്സണ്‍ കോളേജ് ആണ്‍. ഞങ്ങളുടെ കൊച്ചുമകന്‍
പഠിച്ച ക്ലേയര്‍ കോളേജ് ആദ്യകാലത്ത്
പ്രവര്‍ത്തനം തുടങ്ങിയയവയില്‍ ഒന്നാണ്. അവിടെ നിന്നു 500
ല്‍ അധികം ബാച്ചുകള്‍ ബിരുദം നേടിക്കഴിഞ്ഞു എന്നു പറയുമ്പൊള്‍ അതിന്‍റെ പഴക്കം അറിയാന്‍ കഴിയുമല്ലോ. ഈ കോളെജുകള്‍ക്കെല്ലാം അനുബന്ധമായി
ഒരു ചെറിയ പള്ളി ഉണ്ടത്രെ. അവിടെ പഠിക്കുന്നവര്‍ക്ക് ആ സ്ഥാപനം നിര്‍മ്മിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവസരം കൊടുക്കുവാനായി.
ആദ്യകാലത്ത് ഇവിടെയും പുരുഷന്മാര്‍ മാത്രമാണ്
പഠിച്ചിരുന്നത്. 1869ല്‍ ആണ്
ആദ്യത്തെ വനിതാ കോളേജ് തുടങ്ങിയത്. ഗിര്‍ട്ടണ്‍
കോളേജ്. 1882 മുതല്‍ വനിതകള്‍ക്ക്
പരീക്ഷക്ക് എഴുതാന്‍ അനുവാദം കൊടുത്തു. എന്നാലും 1948 മുതല്‍ മാത്രമേ സ്ത്രീകളെ സര്‍വകലാശാലയുടെ പൂര്‍ണഅംഗങ്ങളായി കരുതിയിരുന്നുള്ളു. ആദ്യകാലത്ത് പസായവര്‍ക്ക്
ബിരുദം പോലും ഡബ്ലിന്‍ യൂണിവെര്‍സിറ്റിയില്‍
നിന്നാണ് കൊടുത്തിരുന്നത്.
പിന്നീട് കൂടുതല്‍ വനിതാ കോളേജുകള്‍ തുടങ്ങി. 1972
ല്‍ ചര്‍ച്ചില്‍ കോളെജാണ് ആദ്യത്തെ
മിക്സഡ് കോളേജ് ആയത്. 1988 ല്‍ മാഗ്ദലീന്‍ എന്ന കോളേജ് ആണ് അവസാനമായി
പെണ്കുട്ടികള്‍ക്കു തുറന്നു കൊടുക്കപ്പെട്ടത്. എന്നാലും ഇപ്പോഴും ചില
കോളേജുകല്‍ വനിതകള്‍ക്കു മാത്രമായി ഉണ്ട്. യു.കെ യിലെ മിക്കവാറും എല്ലാ കോളേജുകളും മിക്സഡ്
കോളെജ് ആയിക്കഴിഞ്ഞിട്ടുണ്ട്
എങ്കിലും, . ഒക്സ്ഫോര്‍ഡ്
ഉള്‍പ്പെടെ.
കെയിംബ്രിഡ്ജ്
ഇന്ന്
ഇന്ന് ഇത് ബ്രുഹത്തായ
ഒരു സ്ഥാപനം ആയി
വളര്‍ന്നിരിക്കുന്നു. 710 ഏക്കറില്‍ 31
കോളെജുകള്‍ ഉള്ള സര്‍വകലാശാലയില്‍ അദ്ധ്യാപകരായി
10,000
ല്‍ അധികം പേര്‍, അദ്ധ്യാപകേതരജീവനക്കാരായി 8000 പേര്‍, വിദ്യാര്‍ഥികളായി
140 രാഷ്ട്റങ്ങളില്‍
നിന്നും വന്ന 20,000 ല്‍ അധികം പേര്‍
ഈ ക്യാമ്പസ്സില്‍ ഉണ്ട്. 12,000 ആദ്യ ബിരുദവിദ്യാര്‍ഥികളും 8000 ലധികം
മാസ്റ്റര്‍ ഗവേഷണ വിദ്യാര്‍ത്ഥികളുമിതില്‍ പെടുന്നു. സര്‍വകലാശാലയുടെ ലക്ഷ്യമായിസ്വീകരിച്ചിരിക്കുന്നത് “
ജ്ഞാനോദയം ഉണ്ടാകാനും അമൂല്ല്യമായ അറിവു നേടാനും” ( gain enlightenment
and precious knowledge ) എന്നതാണ്. ഈ സ്ഥാപനത്തിന്‍ സംഭാവനയായി
കിട്ടിയത് 6.5 ബില്യണ്‍ പൌണ്ടാണ്, കോളേജുകള്‍ക്കുള്‍പ്പെടെ. സര്‍വകലാശാലയുടെ മാത്രം
വാര്‍ഷിക ബഡ്ജറ്റ് 2 ബില്യണില്‍ അധികവും ആണ്.
ആംഗലഭാഷ സംസാരിക്കുന്ന രാഷ്ട്രങ്ങളില്‍ രണ്ടാമതായി പ്രവര്‍ത്തനം തുടങ്ങിയതാണ് ഈ സര്‍വകലാശാല
,
ആദ്യത്തേത്
ഒക്സ്ഫോറ്ഡ് സര്‍വകലാശാലയും. വിവിധ
ഏജെന്സികള്‍ പ്രഖ്യാപിച്ച ലോകറാങ്കിങ്ങില്‍ ഒന്നാമത്തെ
നില ഒക്സ്ഫോര്‍ഡ് വര്‍ഷങ്ങളായി നില നിര്‍ത്തിപ്പോരുമ്പൊള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലായി കെയിംബ്രിഡ്ജും ഹാര്‍വാര്‍ഡ് സര്‍വകലാശാലയും ഇടക്കിടക്കു
മാറി വരുന്നതായി കാണാം .
കെയിംബ്രിഡ്ജ് ലോകറാങ്കില്‍ അഞ്ചാം
സ്ഥാനത്തിനു പുറകില്‍ അടുത്തകാലത്തൊന്നും ആയിട്ടില്ല.
പൊതുവെ എല്ലാ
വിഷയങ്ങളിലും നല്ല നിലവാരം
പുലര്‍ത്തുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഇവിടെ
ഉണ്ടെങ്കിലും
ഗണിതശാസ്ത്രത്തിനും(Mathematics) ഊര്‍ജ്ജ
തന്ത്രത്തിനും (Physics)ആണ്
കെയിംബ്രിഡ്ജ് കൂടുതല്‍
അറിയപ്പെടുന്നത്. 17 ആം
നൂറ്റാണ്ടിലെ പ്രഗത്ഭനായ വിദ്യാര്‍ത്ഥി ആയിരുന്നു ഐസക് ന്യൂട്ടണ്‍.
ആദ്യകാലത്ത് എല്ലാ വിദ്യാര്‍ത്ഥികളും ബിരുദം നേടാന്‍ ഗണിതശാസ്ത്രം പഠിക്കണമായിരുന്നു. ആര്‍ട്ട്സ് സയന്സ് വിഷയങ്ങള്‍ എല്ലാം പഠിച്ചിട്ട് ബി.എ,
ബിരുദം ആണ് നല്‍കി വന്നത്.
വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും നേട്ടങ്ങള്‍
കെയിംബ്രിഡ്ജ് യൂണിവേര്‍സിറ്റി
നിന്നാണ് യു.കെ.യിലെ ഏറ്റവും കൂടുതല്‍ നോബല്‍
സമ്മാനാര്‍ഹരായിട്ടുള്ളത്. അവിടെ പഠിച്ചവരും
പഠിപ്പിച്ചവരും എല്ലാമുള്‍പ്പെടെ 137 പേര്‍ നോബല്‍ സമ്മാനാര്‍ഹരായി. ഒക്സ്ഫോറ്ഡ് യൂണിവേര്‍സിറ്റിയില്‍ 72 പേര്‍ . ലോകത്തില്‍ എറ്റവും കൂടുതല്‍ നോബല്‍ സമ്മാനാര്‍ഹര്‍ ഉള്ളത് ഹാര്‍വാര്‍ഡ് യൂണിവേര്‍സിറ്റിയില്‍ നിന്നാണ്, 150 പേര്‍. ഗണിത ശാസ്ത്രത്തിലെ
ഏറ്റവും വലിയ അംഗീകാരം ആയ ഫീല്‍ഡ്സ് മെഡല്‍ അവാര്‍ഡിന് 6 ഗണിത
ശാസ്ത്ര ബിരുദധാരികളും 4
ഗവേഷകരും കെയിംബ്രിഡ്ജില്‍ നിന്ന് അര്‍ഹരായിട്ടുണ്ട്. ഒരാള്‍ ഏബെല്‍
സമ്മാനത്തിനും അര്‍ഹനായി.
ഈ സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മഹാന്മാരില്‍ ചിലരുടെ
പേരും അവരുടെ സംഭാവനകളും താഴെ
കൊടുക്കുന്നു.
1.
ഫ്രാന്‍സിസ് ബേക്കണ്‍ :
ശാസ്ത്രീയ അപഗ്രഥനത്തിന്‍റെ തുടക്കം.
2.
സര്‍ ഐസക് ന്യൂട്ടണ്‍ : ചലന
നിയമങ്ങള്‍ , കാല്‍ക്കുലസ് എന്ന
ശാസ്ത്രശാഖ.
3.
ലോറ്ഡ് കെല്വിന്‍
: തെര്‍മ്മൊഡയനാമിക്സ് എന്ന
ശാസ്ത്ര ശാഖ
4.
ജെ ജെ തൊംസണ്‍
: ഇലക്ട്റോണ്‍ എന്ന അണുഘടകം കണ്ടു പിടിച്ചു.
5.
എണെസ്റ്റ് റൂതര്‍ഫൊര്‍ഡ് : അണു വിഘടനതത്വം.
6.
ക്ലാര്‍ക് മാക്സ്വെല്‍ : വൈദ്യുത കാന്ത നിയമങ്ങളുടെ ക്റോഡീകരണം
7.
ഹെന്റി കാവെന്ഡിഷ് : ഹൈഡ്രജന്‍
ആറ്റം
8.
ചാള്‍സ് ഡാര്‍വിന്‍ ; പരിണാമ സിദ്ധാന്തം
9.
റൊണാല്‍ഡ് ഫിഷര്‍ : ജീവ
ജാലകങ്ങളുടെ സ്വാഭാവിക തിരഞ്ഞെടുപ്പും പാരമ്പര്യ
സിദ്ധാന്തവും ആയുള്ള ബന്ധങ്ങള്‍
10. അലന്‍
ട്യുറിങ്ങ് ; റ്റ്യൂറിങ് യന്ത്രം ഉണ്ടാക്കിയ ആള്‍
11.
ഫ്രാന്‍സിസ് ക്രീക് ജെയിംസ് വാട്ട്സന്‍ : ഡി എന്‍ എ
12. പോള്‍ ഡിറാക്
: ക്വാണ്ടം മെക്കാനിക്സ് സിദ്ധാന്തം
13. മൈക്കേല്‍
ഗ്രീന്‍ : സ്റ്റ്രിങ് സിദ്ധാന്തം
കെയിംബ്രിഡ്ജില്‍
പഠിച്ച സാഹിത്യകാരന്മാര്‍
ക്രിസ്റ്റഫര്‍ മാര്‍ലോ, സാമുവേല്‍
പ്സിസ്, ഈ എമ് ഫോര്‍സ്റ്റര്‍,
സി എസ് ലെവിസ്, വിര്‍ജീനിയാ വുള്‍ഫ്, എഡ്മുണ്ഡ് സ്പെന്സര്‍, ജൊണ്‍ ഡോണ്‍, ജോണ്‍ മില്‍ട്ടണ്‍, ജോണ്‍ ഡ്രൈഡന്‍, ലോര്‍ഡ് ബൈറണ്‍, സാമുവെല്‍ ടെയ്ലറ്റ് കോളേറിഡ്ജ്തുടങ്ങിയവര്‍,
നടീനടന്മാര്‍
കലകാരന്മാര്‍
ഇയാന്‍ മക്മെല്ലന്‍, ഡെറെക് ജോബി, മൈക്കെല്‍ റെഡ്ഗ്റേവ്, ജെയിംസ് മേസന്‍, എമ്മ തൊംസണ്‍, സ്റ്റീഫന്‍ ഫ്രൈ, ഹഘ് ലോറി , ജോണ്‍
ക്ലീസ്, എറിക് ഐഡില്‍, ഗ്രഹാം ചാപ്മാന്‍,
ടില്‍ഡ സ്വിന്‍റന്‍, തന്ഡീ ന്യൂട്ടന്‍,
റെയ്ചല്‍ വെയ്സ് , സച്ച ബേറണ്‍ കോഹെന്‍,
ടോംഹിഡ്ഡില്‍സ്റ്റന്‍
തുടങ്ങിയവര്‍ .
ഇനി ഞങ്ങളുടെ
കൊച്ചു മകന്‍റെ പഠനത്തെപറ്റി
അയാള്‍ ഇവിടെ
പഠിച്ചത് സാമ്പത്തികശാസ്ത്രം
(Economics) ആയിരുന്നു. അച്ഛന്‍റെയും അമ്മയുടെയും മെഡിസിനും അപ്പുപ്പന്‍റെ
എഞ്ചിനീയറിങ്ങും വേണ്ട എന്ന് പറഞ്ഞ് അയാള്‍ സ്വയം
തിരഞ്ഞെടുത്ത വിഷയം. അയാള്‍ നല്ല നിലയില്‍ തന്നെ മൂന്നു വര്‍ഷത്തെ ബിരുദപഠനം
പൂര്‍ത്തിയാക്കി. ക്ലെയര്‍
കോളേജില്‍ ആയിരുന്നു പഠനം. 1326 ല്‍ ആണ് ഈ
കോളെജ് പ്രവര്‍ത്തനം തുടങ്ങിയത് , ഇതിനു മുമ്പ് ഒരു
കോളേജ് മാത്രമെ പ്രവര്‍ത്തിച്ചിരുന്നുള്ളു.
1284 ല്‍ പ്രവര്‍ത്തനം ആരംഭിച്ച പീറ്റര്‍ഹൌസ്
എന്നതു മാത്രം. അപ്പോള്‍ അയാള്‍ കെയിംബ്രിഡ്ജിലെ ഏതാണ്ട് 690 ആമത്തെ ബാച്ച്
ബിരുദധാരി ആണ്. ഇവരുടേ കോളെജിലെ ഈ ബാച്ചില്‍ സാമ്പത്തിക ശാസ്ത്രത്തിനു
6 കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതില്‍ മൂന്നു പേര്‍ക്ക്
മാത്രമായി ഒരു അദ്ധ്യാപകന്‍ വഴികാട്ടി
എന്ന നിലയില്‍ ഉണ്ടായിരുന്നു, യൂണിവേര്‍സിറ്റിയിലെ അദ്ധ്യാപകര്‍
അതിന്‍റെ കീഴിലുള്ള ഏത്
കോളെജിലും പഠിപ്പിക്കേണ്ടിവരും.
അവസാന വര്‍ഷത്തെ തീസിസ്
കുട്ടികളുടെ താല്‍പര്യം
അനുസരിച്ച് വഴികാട്ടിയെ നിശ്ചയിക്കുന്നു. നമ്മുടെ നാട്ടിലെ പോലെ മാനവിക (Humanities)വിഷയങ്ങള്‍ക്ക്
ഇവിടെയും മാര്‍ക്ക് പിശുക്കിയേ കൊടുക്കൂ
എന്നയാള്‍ പറഞ്ഞു. 70% നു മുകളില്‍ വളരെ
കുറച്ചു കുട്ടികള്‍ക്കു
മാത്രമേ കിട്ടൂ. നല്ല യൂണിവേര്‍സിറ്റികളില്‍
മാസ്റ്റര്‍ ബിരുദത്തിനു പ്രവേശനം
കിട്ടാന്‍ 70% എങ്കിലും മാര്‍ക്ക് വേണം. ഏതായാലും ഞങ്ങളുടെ
കുട്ടനു ഒക്സ്ഫോര്‍ഡിലും ലണ്ടന്‍ സ്കൂളിലും പ്രവേശന വാഗ്ദാനം കിട്ടിയിട്ടുണ്ട്. അതിനു
ആവശ്യമായ മാര്‍ക്കും കിട്ടി. എവിടെ
ചേരണം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ബിസിനെസ്സും മാനേജ്മെന്‍റും താല്‍പര്യം ഇല്ലാത്തതു കൊണ്ട്അയാള്‍
ഉപരിപഠനം വികസനസാമ്പത്തികശാസ്ത്രത്തില്‍ (Developmental Economics) ആയിരിക്കും എന്നു
തോന്നുന്നു. അയാളുടെ അവസാന വര്‍ഷ തീസിസ്
തന്നെ ആഫ്രിക്കയിലെ മൊസാംബിക്
എന്ന രാഷ്ട്റത്തിന്‍റെ സാമ്പത്തിക
വികസനത്തെ ബന്ധപ്പെടുത്തിയായിരുന്നു.
അവരുടെ സര്‍ക്കാര്‍ ഭാഷയായ
പോര്‍ട്ടുഗീസ് ഭാഷയില്‍
കിട്ടിയ വിവരങ്ങള്‍ ആ ഭാഷ
അറിയാവുന്ന ഒരു സുഹ്റുത്തിന്‍റെ സഹായത്തോടെ പരിഭാഷപ്പെടുത്തി ആയിരുന്നു ഉപയോഗിച്ചത്.
ഇനിയും കുറെയേറെ
കാര്യങ്ങള്‍ ഈ മഹത്തായ
സ്ഥാപനത്തെ കുറിച്ചെഴുതാന്‍ ഉണ്ട്.
വിസ്ത്രര ഭയത്താല്‍ നിര്‍ത്തുന്നു.
പ്രധാന
അവലംബം
https://simple.wikipedia.org/wiki/University_of_Cambridge
https://www.blanchflower.org/alumni/camnobel.html











Comments
Post a Comment